Thursday, 24 May 2012

അപകടകരമാകുന്ന പെട്രോൾ വിലവർദ്ധന


         അവശ്യ സാധനങ്ങളുടെ വില ദിനം പ്രതി വർദ്ധിക്കുന്നു.  കച്ചവടക്കാർക്ക് പറയാൻ എപ്പോഴുമുണ്ട് ന്യായം. ഇന്ധനവില വർദ്ധനയാണ് പ്രശ്നമെന്ന്.  സർക്കാർ പറയും ഒരു രൂപയ്ക്ക് അരികൊടുക്കുന്നുപച്ചക്കറി വിത്തും വളവുമെല്ലാം ചേർത്ത് ഇരുപത്തിയഞ്ചു കിറ്റുകൾ വീടുകളിൽ സൗജന്യമായി എത്തിക്കുന്നു എന്നൊക്കെ.
         എല്ലാം ശരിയാണ്.  സർക്കാർ ജീവനക്കാർക്ക് ശമ്പള വർദ്ധന പ്രഖ്യാപിച്ച് അവരുടെ വായടപ്പിക്കാം. സംഘടിതമേഖലയിലെ തൊഴിലാളികൾക്കും സമരം ചെയ്ത് കൂലികൂട്ടി വാങ്ങാം.  ഇടത്തരക്കാർക്ക് കൂട്ട ആത്മഹത്യ ചെയ്യേണ്ട അവസ്ഥ സംജാതമായേയ്ക്കാം. സർക്കാരിനു പറയാൻ ന്യായങ്ങൾ ഉണ്ടാകാം. 
                   നമ്മുടെ ഇന്നത്തെ സാമ്പത്തിക സംവരണം പണക്കാരനെ കൂടുതൽ പണക്കാരനാക്കാനും പാവങ്ങളെ കൂടുതൽ പാവങ്ങളാക്കാനും ഉതകുന്ന രീതിയിലാണ്.  പണമുള്ളവർക്ക് ബാങ്കുകൾ ലോൺ കൊടുക്കാൻ മൽസരിക്കും.  ഈടുവയ്ക്കാൻ ഇല്ലാത്ത ഇടത്തരക്കാർക്കും ലോൺ കിട്ടില്ല.  വിശപ്പും രോഗവും ഒക്കെ പണമില്ലെന്ന് പറഞ്ഞാൽ ഓടിപ്പോകില്ലല്ലോ. അഭിമാനം നഷ്ടപ്പെടുത്തി റോഡുവക്കിൽ കിടക്കാനുമാകില്ലല്ലോ. ചുരുക്കത്തിൽ പണമുള്ളവന്റെ കൈയ്യിൽ നിന്നും കൊള്ളപ്പലിശയ്ക്കു കടമെടുത്ത് തൽക്കാല ആവശ്യങ്ങൾ നടത്തുന്നു ഇടത്തരക്കാർ. ബുദ്ധിമുട്ടി ഉണ്ടാക്കുന്ന പൈസ പലിശക്കാരനു കൊടുത്തില്ലെങ്കിൽ ഗുണ്ടകളുടെ വിളയാട്ടമാകും. വീട്ടുവാടക കൊടുക്കാത്തതിന്റെ പേരിൽ തെരുവിലിറങ്ങേണ്ടിയും വരും. ആത്മാഭിമാനം നശിക്കുന്നതിലും ആത്മഹത്യയാണു ഭേദം എന്നു ചിന്തിക്കും അപ്പോൾ.
        കോടീശ്വരനും സാധാരണക്കാരനും ഒരേവില എന്നതിനു പകരം വരുമാനമനുസരിച്ച് പെട്രോളിനും ഡീസലിനും വില നിശ്ചയിച്ച് നടപ്പിലാക്കിക്കൂടെ സർക്കാരിന് ? പാചകവാതകത്തിന്റെ വില നിശ്ചയിക്കുന്നതിനും അങ്ങനെയൊരു അനുപാതം നന്നായിരിക്കില്ലേ ?
            ഇടത്തരക്കാരെ അവഗണിക്കുന്ന സർക്കാരുകൾ പാവപ്പെട്ടവർക്കുവേണ്ടിയുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ഇടത്തരക്കാരെക്കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ രക്ഷപ്പെട്ടേനെ. കുതിച്ചുയരുന്ന വീട്ടുവാടക താങ്ങാനാകാതെ നരകിക്കുന്ന ഇടത്തട്ടുകാരുടെ കണക്കെടുക്കാൻ ഏതു സർക്കാർ തയ്യാറാകും ?
  ഇടത്തരക്കാരുടെ സംഘടന ഇല്ലെങ്കിലും അവരുടെ വോട്ടുകൂടിയല്ലേ സർക്കാരിന്റെ ബലം ? 

No comments:

Post a Comment