Sunday, 30 December 2012

ഗുരുവേ പ്രണാമം



നാടകാചാര്യനായ ശ്രീ. പി.കെ. വേണുക്കുട്ടൻ നായർ ജീവിതത്തെയും മരണത്തെയും കുറിച്ച് വർഷങ്ങൾക്ക് മുൻപ് എനിക്കെഴുതിയ കത്ത് .  സത്യവും ധർമ്മവും അനുസരിച്ച് ജീവിച്ച അദ്ദേഹത്തിന് ചതിക്കുഴികളെ കണ്ടെത്താനുള്ള കഴിവില്ലായിരുന്നു. സഹജീവികളെ സ്നേഹിച്ച അദ്ദേഹം മനസാക്ഷിക്ക് നിരക്കാത്തതിനെ ഒക്കെ നിശിതമായി എതിർത്തു. അതുകൊണ്ടുതന്നെ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരുടെ നോട്ടപ്പുള്ളീയായി മാറി. ജീവിത സായന്തനത്തിൽ അവമാനിതനായി .. പരിഹാസ്യനായിരോഗാതുരനായി ദരിദ്രനായി ആറുമാസത്തോളം ആശുപത്രിക്കിടക്കയിൽ കിടന്നപ്പോഴും അദ്ദേഹം വിശ്വസിച്ചു കാരണമില്ലാതെ തന്നെ കുരിശിലേറ്റിയവർ സത്യം മനസ്സിലാക്കി തന്നെ മോചിപ്പിക്കുമെന്ന് .  സത്യം മനസ്സിലാക്കാഞ്ഞിട്ടല്ല അധികാരപ്പെട്ടവർ മനപ്പൂർവം കെണിയിലാക്കി രസിക്കുകയായിരുന്നെന്ന് മനസ്സിലാക്കാൻ ആ ശുദ്ധഹൃദയന് കഴിയാതെ പോയി.  
                                                          31/03/1986                                                                                              
പ്രിയപ്പെട്ട ആശമോളെ,
              പണ്ടൊരെഴുത്തിൽ കൃഷ്ണമൂർത്തി എന്നൊരാളെപ്പറ്റി ഞാനെഴുതിയതോർമ്മയുണ്ടോ ? അടുത്തകാലത്ത് അദ്ദേഹം മരിച്ചു.  ഏകനായി സ്വതന്ത്രനായി ജീവിച്ച ആ മനുഷ്യൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വതന്ത്രചിന്തകരിലൊളായായിരുന്നു.  ഒരു തത്വസംഹിതയും അദ്ദേഹത്തിന്റേതായി അദ്ദേഹം മുന്നോട്ടുവച്ചില്ല.  നിലവിലിരുന്ന പലതിനേയും യുക്തികൊണ്ട് തകർക്കുകയും ചെയ്തു. മദനപ്പള്ളിയിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിലെ എട്ടാമത്തെ സന്താനമായി പിറന്ന ഈ ബാലനിൽ ദിവ്യത്വം കണ്ടെത്തിയ തിയോസഫിക്കൽ സൊസൈറ്റി ഭാരവാഹികൾ ( ലെഡ്ബീറ്ററും ആനിബസന്റും ) വിശ്വപ്രവാചകനായി കൃഷ്ണമൂർത്തിയെ പതിനാലാമത്തെ വയസ്സിൽ അവരോധിച്ചു. അതിനുവേണ്ട ഒരുക്കങ്ങളും ആരംഭിച്ചു. പദവിയും ധനവും കൃഷ്ണമൂർത്തിയെ അന്ധനാക്കിയില്ല. പതിനാറാമത്തെ വയസ്സിൽ അദ്ദേഹമെഴുതിയ പുസ്തകം ഗുരുപാദങ്ങളിൽ ഇരുപത്തിയേഴ് ഭാഷകളിലേയ്ക്കാണ് വിവർത്തനം ചെയ്യപ്പെട്ടത്.  അത്രയ്ക്ക് അത്ഭുതകരമായിരുന്നു ആ കൃതി.  അങ്ങനെ മുപ്പതുകഴിഞ്ഞപ്പോൾ കൃഷ്ണമൂർത്തി വിശ്വപ്രസിദ്ധനായി.  ഒരു പ്രത്യേകവിശ്വാസ സംഘത്തിന്റെ തലവൻ എന്ന രീതിയിൽ വസ്തുവകകളും സ്ഥാനമാനങ്ങളും ധനവും കുമിഞ്ഞുകൂടി.  പക്ഷെ മുപ്പത്തിനാലാമത്തെ വയസ്സിൽ അതെല്ലാം ഉപേക്ഷിച്ച് താൻ തന്റെ ദർശനം കണ്ടെത്തി എന്നു പ്രഖ്യാപിച്ചുകൊണ്ട് ഏകനായിത്തീരുകയാണുണ്ടായത്. ലോകം മുഴുവൻ കറങ്ങിനടന്ന് അദ്ദേഹം സംസാരിച്ചു. ഗുരുകുലങ്ങളോ ആശ്രമങ്ങളോ സൃഷ്ടിച്ചില്ല.  ആവശ്യപ്പെട്ടവർക്കെല്ലാം ഉപദേശം നൽകി.  ജീവിതത്തിന്റെ ദുരന്താനുഭവത്തിൽ നിന്നും മോചനം നേടാനുള്ള മാർഗ്ഗം കണ്ടെത്തി എന്ന് അദ്ദേഹം അവകാശപ്പെട്ടു.   ദൈവം മനുഷ്യസൃഷ്ടിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  തന്റെ രൂപത്തിൽ പലബിംബങ്ങളെ ദൈവമെന്നപേരിൽ സൃഷിച്ചാരാധിക്കുന്ന  മനുഷ്യൻ വിശ്വചൈതന്യത്തെ കണ്ടെത്തുന്നില്ല ; ശ്രമിക്കുന്നുമില്ല. ജീവിതത്തോടും മരണത്തോടുമുള്ള ഭയവും ആനുകൂല്യങ്ങൾ നേടാനുള്ള ആഗ്രഹവുമാണ് ദൈവസൃഷ്ടിക്ക് പ്രേരണ നൽകിയത്  .അല്ലാതെ പ്രപഞ്ചചൈതന്യത്തെ കണ്ടെത്താനുള്ള വ്യഗ്രതയല്ല.  പ്രപഞ്ചചൈതന്യം സ്നേഹവും സഹതാപവും ഉൾക്കൊണ്ടുനിൽക്കുന്നവനേ അനുഭവേദ്യമാകുന്നുള്ളു. വ്യക്തിയുടേയും സമൂഹത്തിന്റെയും മൗലികമായ മാറ്റത്തിന് വിപ്ലവശക്തി ഒന്നേയുള്ളു.  അതാണ് സ്നേഹം.  സഫലീകരണത്തിനുള്ള മാർഗ്ഗമല്ല സ്നേഹം .  സ്നേഹത്തിൽ ഫലകാംക്ഷയുമില്ല. മനുഷ്യനേയും സമൂഹത്തേയും കുരുക്കിയിടുന്ന എല്ലാ ചങ്ങലകളേയും അതിലംഘിച്ചുനിക്കുന്ന ഒരവസ്ഥയാണ് സ്നേഹം.  അത് അന്തരാത്മാവിൽനിന്ന് ഒഴുകി ചൈതന്യമായി പുറത്തേയ്ക്ക് പ്രവഹിക്കുകയാണ്.  ആരും ആരേയും സ്നേഹിക്കുന്നില്ല എന്നതാണ് തകരാറ്. എന്റെ അമ്മ , എന്റെ അച്ഛൻ , എന്റെ സഹോദരൻ, എന്റെ സഹോദരി , എന്റെ ഭാര്യ , എന്റെ ഭർത്താവ് , എന്റെ മക്കൾ എന്നീ ബിംബങ്ങളുണ്ടാക്കി അതിനെയാണ് സ്നേഹിക്കുന്നത്.  ബിംബം വ്യക്തിയല്ല.  വ്യക്തിത്വം അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും വരും.  ബിംബം എന്നു പറയുന്നത് അനുഭവത്തിലൂടെ നേടുന്ന പല സങ്കല്പങ്ങളുടെ ഒത്തൊരുമയാണ് .  അതുകൊണ്ടാണ് പലപ്പോഴും നിരാശയുണ്ടാകുന്നത് .  ബിംബം തകരും.  പക്ഷേ അറിഞ്ഞ് ഉൾക്കൊള്ളുന്ന ഒരു പ്രക്രീയയിലൂടെ ഉയരുന്ന സ്നേഹത്തിന് നാശമില്ല.   നിരാശയ്ക്കിട അത് നൽകുന്നുമില്ല.  മതം മനുഷ്യനു ഗുണം ചെയ്തിട്ടില്ല.  ഉപദേശങ്ങൾ നൽകുന്നുണ്ട്.  പക്ഷെ അതെങ്ങനെ ഉള്ളിലെത്തും ? ഏങ്ങിക്കൊണ്ട് പിറുപിറുത്ത് നടന്നാൽ അതെങ്ങനെ മനുഷ്യന്റെ ഭാഗമാകും ? എന്താണ് സത്യം ? അത് അമ്പലങ്ങളുടെ ഇരുട്ടറകളിലോ പരിഷ്കൃത സമൂഹത്തിന്റെ  മിനുങ്ങുന്ന ഹാൾമുറികളിലോ കണ്ടെത്താൻ സാദ്ധ്യമല്ല .  ഒരു ഗുരൂപദേശവും സത്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നില്ല.  നാം സ്വയം ഉള്ളിലേയ്ക്ക് അന്വേഷിക്കേണ്ടിയിരിക്കുന്നു  കണ്ടെത്തേണ്ടിയിരിക്കുന്നു. ആയിരം ചോദ്യങ്ങളുയരട്ടെ പ്രപഞ്ചത്തെപ്പറ്റി സൃഷ്ടിയെപ്പറ്റി. ഉത്തരങ്ങൾക്കുവേണ്ടി മഹത്ഗ്രന്ഥങ്ങളും ഗുരൂപദേശങ്ങളും അല്ല തേടേണ്ടത്.  നമ്മുടെ ഉള്ളിൽ അടഞ്ഞുകിടക്കുന്ന ഉത്തരങ്ങളുണ്ട്. അത് ചികഞ്ഞെടുത്തു പരിശോധിച്ചാൽ നിങ്ങൾ സത്യം കണ്ടെത്തും.  അത് നിങ്ങളെ സ്വതന്ത്രരാക്കും.
                     ദൈവമെന്ന വാക്കുപോലും ഉപയോഗിച്ച് ജനം വഷളാക്കിക്കളഞ്ഞു.  അഭീഷ്ടദായകനും ഭയമകറ്റുന്നവനുമായാണ് നാം ഇന്ന് ദൈവത്തെ കാണുന്നത്.  എത്ര അർത്ഥശൂന്യമാണത്. നമുക്ക് നേടേണ്ടത് നാം പ്രയത്നിച്ച് നേടണം.  ഭയം അകറ്റേണ്ടത് സ്വാതന്ത്ര്യം നേടിയാണ്.  സ്വാതന്ത്ര്യം എന്നത് നമ്മുടെ നിലനിൽപ്പിനെപ്പറ്റിയുള്ള സമ്പൂർണ്ണ ധാരണയിൽനിന്നാണ് ഉടലെടുക്കേണ്ടത് .  ആരാണെന്നറിഞ്ഞുകൊണ്ടുള്ള നിൽനില്പ്.  ഗുരുവചനങ്ങളും സമൂഹനിയമങ്ങളും അന്ധമായി അനുസരിക്കാൻ വെമ്പിനിൽക്കുന്ന മനുഷ്യൻ തടവറയിലാണ് .  അസ്വതന്ത്രൻ .  എല്ലാം ചോദ്യം ചെയ്യപ്പെടേണ്ടതുമാണ് . ഉത്തരങ്ങളെല്ലാം സ്വയം കണ്ടെത്തെണം.  ആരുടെ ഉപദേശവും അപ്പാടെ സ്വീകരിക്കേണ്ടതില്ല .  വിശ്വചൈതന്യം എല്ലാവരിലുമുണ്ട് .  അതുമറന്ന് പുറത്തതിനെ തേടുന്നവൻ സ്വന്തം മനസ്സിനെ ദുരാഗ്രഹത്തിന്റെ ചെളിക്കുണ്ടിൽ ചവിട്ടിത്താഴ്ത്തുകയാണ് . ആർക്കും ആരേയും ഉപദേശിക്കാനുള്ള അവകാശമില്ല . സ്വയം കണ്ടെത്താൻ ആർക്കുവേണമെങ്കിലും ആരേയും സഹായിക്കാം.  ആ കണ്ടെത്തലിലൂടെ മാത്രമേ സ്വാതന്ത്ര്യം കിട്ടുന്നുള്ളു.  സഹാനുഭൂതിയുള്ളവനുമാത്രമേ ജീവിതത്തിന്റെ അഗാധ സത്യങ്ങൾ മനസ്സിലാവുകയുള്ളു.  അല്ലാത്തവൻ സ്വന്തം ഇച്ഛയ്ക്കുവേണ്ടി .. ബന്ധുക്കളുടെ താല്പര്യങ്ങൾക്കുവേണ്ടി സ്വന്തം ജീവിതത്തെ തടവിലിട്ട് മുറിഞ്ഞ തന്റെ വ്യക്തിത്വാംശങ്ങൾ തമ്മിലുള്ള സംഘട്ടനത്തിനിടയിൽ ഞെരുങ്ങി ഒരിക്കലും തൃപ്തനാകാതെ മരണത്തെ ഭയന്ന് വൈമനസ്യത്തോടെ ഒടുവിൽ തൃപ്തനാകാതെ തന്നെ ഭൂമിവെടിയേണ്ട നിലയിലെത്തുന്നു.  അവിടെ മന്ത്രങ്ങൾ സമ്പൂർണ്ണ നാശമാണ് . അതല്ല മരണം.  മരണം എന്നു പറയുന്നത് സ്വയം നടക്കുന്ന അന്ത്യവിമോചനമാണ് .  എല്ലാം മനസ്സിലാക്കുന്ന സ്വതന്ത്ര ആത്മാവിന്റെ ഏറ്റവും സന്തോഷകരമായ യാത്രയായിരിക്കണം മരണം.  അവിടെ ശോകത്തിനും ഖേദത്തിനും സ്ഥാനമില്ല . 
      ആരധനയും ചടങ്ങുകളും എല്ലാം അനാവശ്യങ്ങളാണ് . ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി സ്വയം കണ്ടെത്തുന്നവൻ ഭ്രാന്തമായതൊന്നും ആശിക്കുന്നില്ല .  ഒതുങ്ങിക്കൂടി സ്വന്തം വ്യക്തിത്വ വികാസത്തിലൂടെ സമൂഹത്തെക്കൂടി കണ്ടെത്തി സഹായിക്കുന്നു. 
       കൃഷ്ണമൂർത്തി മരിച്ചപ്പോൾ പ്രത്യേകനിർദ്ദേശപ്രകാരം ചടങ്ങുകളൊന്നുമില്ലാതെ പ്രാർത്ഥനയില്ലാതെ ലളിതമായാണ് ശവസംസ്കാരം നടത്തപ്പെട്ടത് . 
       കൂടുതൽ എഴുതുന്നില്ല .  കാണുമ്പോഴാകട്ടെ.  മനസ്സിലാക്കാൻ ശ്രമിക്കുക .  ഉറക്കം വരാറായി എന്നു തോന്നുന്നു.
        തൽക്കാലം നിറുത്തട്ടെ.
                        സ്നേഹപൂർവ്വം
                                 ഒപ്പ്
                               മാമൻ





No comments:

Post a Comment