Sunday, 17 February 2013

കത്തുകൾ..കത്തുകൾ..2

05/08/1984
Dear Asha,
      രണ്ടുമൂന്നെഴുത്തുകൾക്ക് ഒരുമിച്ച് മറുപടി അയയ്ക്കുകയാണ് .  അങ്ങനെ വേണ്ടിവന്നത് കഴിഞ്ഞ ഒരാഴ്ച ഞാൻ അസുഖം കാരണം പൂർണ്ണ വിശ്രമം എടുക്കാൻ വേണ്ടി മാറിനിന്നതുകൊണ്ടാണ് .  മറുപടി ഉടൻ അയയ്ക്കുന്നില്ലെങ്കിലും ആശയുടെ എഴുത്തുകൾ മുടങ്ങാതെ കിട്ടുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണെന്നും അതു ഹ്രസ്വമായിപ്പോകുമ്പോൾ പരാതിയുള്ളവനാണെന്നുംകൂടി അറിയിക്കട്ടെ.

       കഴിഞ്ഞയാഴ്ച കെൽട്രോണിൽ M.R.T ക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം കേരളകൗമുദിയി ലുണ്ടായിരുന്നതു കണ്ടിരിക്കുമെന്നും അപേക്ഷ അയച്ചിരിക്കുമെന്നും വിശ്വസിക്കുന്നു. ഇല്ലെങ്കിൽ ഉടനെ അയയ്ക്കണം.  അതുകിട്ടാൻ ഞാൻ ശ്രമിക്കുകയും ചെയ്യാം.

        അനുജത്തിയുടെ കാര്യത്തിൽ ചേച്ചിയെപ്പോലെയാണെങ്കിൽ സന്തോഷമേയുള്ളു.  സീറ്റ് ഒഴിവുണ്ടോയെന്നറിയില്ല.  തിങ്കളാഴ്ച ( നാളെ ) തന്നെ തിരക്കി അറിയിക്കാം.  ഉണ്ടെങ്കിൽ ശരിയാക്കുകയും ചെയ്യാം. 
    പഠിത്തം കഴിഞ്ഞ് വെറുതെ നിൽക്കേണ്ടിവന്നതിൽ മുഷിവോ ദു:ഖമോ ഉണ്ടാകരുതെന്ന് ഉപദേശിക്കുന്നതിൽ അർത്ഥമില്ലെന്നെനിക്കറിയാം.  എങ്കിലും ആ വക ചിന്തകളും വികാരങ്ങളും മനസ്സിനെ കീഴ്പെടുത്താതെ നോക്കണമെന്നും ഭേദപ്പെട്ട ഒരുഭാവി അവകാശപ്പെട്ടതാണെന്നുള്ള ആത്മവിശ്വാസം വച്ചുപുലർത്തണമെന്നും ഉപദേശിക്കാൻ എനിക്കധികാരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.  മാത്രമല്ല പതിവായി കാണാറില്ലാത്തതുകൊണ്ടും തുടരെ കത്തുകളയയ്ക്കാൻ സാവകാശം ലഭിക്കാത്തതുകൊണ്ടും എന്റെ സ്നേഹബന്ധം പിടികിട്ടാദൂരത്തുള്ളതായി കരുതിക്കളയരുത്.  എനിക്ക് എന്റെ എല്ലാ ശിഷ്യഗണങ്ങളും നല്ലനിലയിലെത്തണമെന്ന് മോഹമുണ്ട്.  പലപ്പോഴും അതിനുവേണ്ടി പ്രവർത്തിക്കാറുമുണ്ട്. അപ്പോൾ പ്രത്യേകതാല്പര്യം തോന്നിയാൽ എന്റെ മനോഭാവം എന്തായിരിക്കുമെന്ന് ഞാൻ പറയാതെതന്നെ ഊഹിക്കാമല്ലൊ.  എന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഞാൻ ആശയെ കണക്കാക്കിയിരിക്കുന്നത്.  അതിന് മാറ്റമുണ്ടാവുകയുമില്ല.  ജീവിതത്തിൽ പല ഭാഗങ്ങളിലും പലഭാവങ്ങളിലും കൂടി ആശ കടന്നുപോകുമ്പോൾ സ്നേഹനിഭരമായ എന്റെ താല്പര്യം എപ്പോഴും അതിന്റെ പിറകിലുണ്ടാകും.  ആ ചിന്ത ആശയ്ക്ക് കൂടുതൽ ശക്തിനൽകുമെങ്കിൽ ഞാൻ സംതൃപ്തനുമായിരിക്കും.

          കെൽട്രോൺ അപേക്ഷയെപ്പറ്റി ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട്, വീണ്ടും കത്തയയ്ക്കാമെന്ന് ( ഞാൻ എഴുത്തിന്റെ കാര്യത്തിൽ മടിയനാണ് എങ്കിൽക്കൂടി ) ഉറപ്പു നൽകിക്കൊണ്ട് നിറുത്തുന്നു.
               എന്ന്
                          ആശയുടെ മതിർന്ന ഒരു ബന്ധുവും ഗുരുവുമായ
                                                                     ഒപ്പ്
                                                              പി.കെ.വേണുക്കുട്ടൻ നായർ

( എന്റെ മലയാളം കൈയ്യക്ഷരം മോശമാണ്.  എഴുത്ത് നീളുന്തോറും വായിക്കാൻ വിഷമമുള്ളതായിത്തീരും.  അതുകൊണ്ട് അടുത്ത എഴുത്ത്  ഇംഗ്ലീഷിലായിരിക്കും )
                            P.K 

No comments:

Post a Comment