Friday, 7 February 2014

നീതിദേവതയ്ക്കും കൈക്കൂലി കൊടുക്കണോ

കാമഭ്രാന്തന്മാരുടെ കാമവെറിക്കിരയായ സഹോദരിമാർക്കും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ച് നമ്മൾ കാത്തിരിക്കുന്നു അടുത്ത ഇരകൾ ആരാകും എന്ന വേവലാതിയോടെ.

എന്തുകൊണ്ടാണ് പെൺവർഗ്ഗത്തിന്  ഇങ്ങനെയൊരവസ്ഥ ഉണ്ടായത് ? എല്ലാവരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണത് . യഥാർത്ഥപ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടോ ? ഉണ്ട് എന്ന് പെട്ടെന്ന് ഉത്തരം പറയാൻ കഴിയുന്നുണ്ടോ ? എനിക്കതിന് കഴിയില്ല. കാരണം മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയക്കാരുടേയും സാമൂഹ്യപ്രവർത്തകരുടേയും സംസ്കാരിക പ്രവർത്തകരുടേയുമൊക്കെ പൊയ്മുഖങ്ങൾ കാണാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുക എന്നതിൽക്കവിഞ്ഞ ആത്മാർത്ഥതയൊന്നും പ്രസ്തുത ആൾക്കാരിൽ ഞാൻ കണ്ടിട്ടില്ല. ആർക്കെങ്കിലുമൊക്കെ നീതികിട്ടുന്നെങ്കിൽ ഭാഗ്യമെന്നേ പറയാവു.

നാടകാചാര്യനായ ശ്രീ. പി.കെ.വേണുക്കുട്ടൻ നായരെ ഒതുക്കാൻ സ്പിരിറ്റുമാഫിയാ തലവൻ കണ്ടെത്തിയ കച്ചിത്തുരുമ്പ്  ഇതായിരുന്നു.  അയാളുടെ അനന്തിരവൾ കുഞ്ഞിനെ വീടുകയറിബലാൽസംഗം ചെയ്തുവത്രെ. കേരളത്തിലുടനീളം മാത്രമല്ല ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമൊക്കെയായി അൻപതുവർഷത്തിലധികമായി നാടകപ്രവർത്തനം നടത്തിയ  വേണുക്കുട്ടൻ നായർ മാഫിയാത്തലവന്റെ അനന്തിരവളെ ബലാൽസംഗം ചെയ്യുമോ എന്ന് ചിന്തിക്കാനുള്ള വിവേകം ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രബുദ്ധരായ ആർക്കും ഉണ്ടായില്ല.

മാഫിയാത്തലവന്റെ ലക്ഷങ്ങൾ മതിയായിരുന്നു വയോധികനും രോഗിയുമായ ആചാര്യനെ ബാലികാപീഡനക്കാരനാക്കാൻ.   മാഫിയാത്തലവന്റെ സ്പിരിറ്റ് കടത്ത്  നാട്ടുകാരെക്കൊണ്ട് പിടിപ്പിച്ച് പോലീസിലേൽപ്പിച്ചതാണ് വേണുക്കുട്ടൻ നായർ ചെയ്ത കുറ്റം. 

നിയമകാര്യ വിദഗദ്ധയായിരുന്ന  ജസ്റ്റിസ് ശ്രീദേവിയെ വനിതാക്കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്തുനിന്നും നീക്കി പകരം ഞരമ്പുരോഗിയായ് കമലത്തെ ആ കസേരയിൽ ഇരുത്താൻപോന്ന സ്വാധീനം മാഫിയാത്തലവന്റെ അച്ഛന് ഉണ്ടായിരുന്നു. അപ്പോൾ ജസ്റ്റിസ് അദ്ധ്യക്ഷയായിരുന്ന കാലഘട്ടത്തിൽ പീഡിപ്പിച്ചു എന്നുചാർത്തി കേസെടുക്കാനോ പാട് ?

സ്പിരിറ്റുകടത്തിന് എല്ലാ ഒത്താശകളും മാഫിയാത്തലവന്  ചെയ്തുകൊടുത്തിരുന്ന സ്ഥലം എസ്സ്. ഐ. ബി.കൃഷ്ണകുമാറും സി.ഐ. ശ്രീധരനും അസിസ്റ്റന്റ് കമ്മിഷണർ വിൽസൺ.കെ.ജോസഫും അവരുടെ ചില മേലാളന്മാരും കീഴാളന്മാരും ഒക്കെ ചേർന്ന് വേണുക്കുട്ടൻ നായർക്കെതിരെ കേസ്സടുത്തു.

സർക്കാരാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കുഞ്ഞ് യാതൊരു പീഡനത്തിനും വിധേയയായിട്ടില്ല എന്ന് സർട്ടിഫിക്കറ്റു കൊടുത്തു.   ശ്രീധരൻ തിരുവനന്തപുരം ഗോവിന്ദൻ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറെക്കൊണ്ട് ( ഡോ. മേരി ജോർജ് ) കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കി. പതിനാലുദിവസത്തേയ്ക്ക് റിമാൻഡുചെയ്തു.

മാഫിയാത്തലവനുവേണ്ടി പോലീസുകാർ വിടുപണിചെയ്യുകയാണെന്നു തിരിച്ചറിയാത്ത വേണുക്കുട്ടൻ നായർ മാഫിയാത്തലവന്റെ സ്പിരിറ്റ് നൂലിയം പാറമടയിൽ നിന്നും മുടവൻ മുകളിൽ അയാളുടെ താമസസ്ഥലത്തുനിന്നും നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നു പറഞ്ഞു.

ഹെർണിയ സ്ക്രോട്ടത്തിലിറങ്ങി അപകടാവസ്ഥയിലായിരുന്നതിന്റെ ഓപ്പറേഷൻ കഴിഞ്ഞ് ബഡ്റസ്റ്റിലായിരുന്ന കടുത്ത പ്രമേഹരോഗിയായിരുന്ന വേണുക്കുട്ടൻ നായരുടെ ദൈന്യാവസ്ഥകണ്ട ജഡ്ജ് മെഡിക്കൽ കോളേജ് പോലീസ് സെല്ലിലാക്കാൻ അനുവദിച്ചു.

കമലവും പോലീസുകാരും മാദ്ധ്യമങ്ങിലൂടെ വേണുക്കുട്ടൻ നായർക്കെത്തിരെ പ്രസ്താവനകൾ കൊടുത്തുകൊണ്ടേയിരുന്നു. ഒരു വേശ്യയെക്കൂടെ വിലയ്ക്കെടുത്ത് അവളുടേതായ പ്രസ്താവനകളും മാധ്യമങ്ങളിൽ വരുത്തിച്ചു.

നമ്മുടെ പ്രബുദ്ധരായ സാംസ്കാരിക പ്രവർത്തകരോ സാമൂഹ്യപ്രവർത്തകരോ രാഷ്ട്രീയ പ്രവർത്തകരോ ചെറുവിലനക്കിയില്ല.  സത്യസന്ധമായ അന്വേഷണം നടത്തണമെന്ന വേണുക്കുട്ടൻ നായരുടെ അപേക്ഷ മാറിമാറിവന്ന മൂന്നുമുഖ്യമന്ത്രിമാരും അവഗണിച്ചു.

കോടതിയിലും മാഫിയാത്തലവന് സ്വാധീനമുണ്ടെന്നു പകലുപോലെ വ്യക്തമാകുന്ന നാടകീയാനുഭവങ്ങൾക്ക് സാക്ഷിയകനും കഴിഞ്ഞു എനിക്ക്. വിചാരണവേളയിൽ കോടതിയിൽ ഹാജരായിരുന്ന മാഫിയാത്തലവനെ വിചാരണചെയ്യാൻ വനിതാ ജഡ്ജ് അനുവദിച്ചില്ല. അയാൾ കൂട്ടാളികളുമായി ഞങ്ങളെ വീടുകയറി ആക്രമിച്ചിരുന്നു. അത് അയാളുടെ അനന്തിരവൾ കോടതിയിൽ പറയുകയും ചെയ്തു. നൂലിയം പാറമട സ്പിരിറ്റുകേസിൽ പിടിക്കപ്പെട്ടവരുടെ ഫോട്ടോ പത്രത്തിൽ വന്നത് കാണിച്ചപ്പോൾ അവളുടെ അമ്മാവൻ ഒഴിച്ചുള്ള നാലുപ്രതികളെ അറിയാമെന്ന് കുഞ്ഞ്  പറഞ്ഞിട്ടും ഹാജരായിരുന്ന ആ അമ്മാവനെ വിസ്തരിക്കാൻ സമ്മതിച്ചില്ല.

കള്ളക്കേസാണെന്ന് വേണുക്കുട്ടൻ നായരുടെ അഭിഭാഷകൻ തെളിയിച്ചിട്ടും ജഡ്ജ്  രണ്ട് വർഷത്തെ വെറും തടവിന് ശിക്ഷിച്ചു.

വിധിക്കെതിരെ അപ്പീൽ കൊടുത്ത് കാത്തിരുന്നിട്ട് ആറ് വർഷമായിട്ടും ഹൈക്കോടതി വിളിച്ചില്ല. അന്വേഷിച്ചപ്പോൾ സീനിയോരിറ്റി ആയില്ലെന്ന് അറിഞ്ഞു.  വയസ്സായവരുടെ കേസുകൾ പെട്ടെന്ന് തീർപ്പാക്കുമെന്നൊക്കെ പത്രത്തിൽ വായിച്ചിരുന്നു. 71 വയസിലാണ് പീഡനക്കേസുണ്ടായത്.  75 വയസ്സിലാണ് ശിക്ഷ വിധിച്ചത്.  81 തികയാൻ ഒരുമാസം ശേഷിക്കേ  ആശുപത്രിക്കിടക്കയിലായി.  പത്തുവർഷത്തോളമായി അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങളുടെ ബാക്കിപത്രം.  ആശുപത്രിക്കിടക്കയിലായിട്ടും മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമൊക്കെ അപേക്ഷ അയച്ചു. മരിക്കുമ്മുൻപ് നിരപരാധിത്വം തെളിക്കാനായി അപ്പീൽ വേഗം എടുപ്പിക്കണമെന്ന അപേക്ഷ.  ആറുമാസത്തെ ആശുപത്രിവാസത്തിനൊടുവിൽ അദ്ദേഹം യാത്രയായി.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സാംസ്കാരിക മന്ത്രിയും മറ്റുമന്ത്രിമാരും സാംസ്കാരിക പ്രവർത്തകരുമൊക്കെ മാദ്ധ്യമങ്ങളിലൂടെ അനുശോചിച്ചിരിക്കുന്നു - വേണുക്കുട്ടൻ നായരുടെ വേർപാട് മലയാള നാടകവേദിക്ക് തീരാ നഷ്ടമാണെന്ന്.  ആത്മാർത്ഥത തെല്ലുമില്ലാത്ത അനുശോചന പ്രകടനം.

വേണുക്കുട്ടൻ നായരുടെ എൺപതാം ജന്മദിനം ശ്രീ.സൂര്യാകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ആഘോഷിച്ചതും സൂര്യ ഗുരുവന്ദനം നൽകി അദ്ദേഹത്തെ ആദരിച്ചതും മൂന്നേമുക്കാൽ ലക്ഷത്തോളം രൂപ അദ്ദേഹത്തിനു സൂര്യയും കൂട്ടായ്മയും നൽകിയതുമാണ് ഈ പത്തുവർഷത്തിനിടയിൽ അദ്ദേഹത്തിനു ലഭിച്ച സന്തോഷം.  തന്റെ പിറന്നാളാണെന്നും ഇത്രരൂപ സഹായം കിട്ടിയെന്നും ആ മനസിൽ ഓർമ്മയുണ്ടായോ ? മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപും എന്നോട് അദ്ദേഹം ചോദിച്ചത് വിധിവന്നോ എന്നായിരുന്നു.

മലയാള നാടകവേദിക്കായി ജീവിതം ഉഴിഞ്ഞു വച്ച ആ മഹാന് .... പത്മശ്രീയോ പത്മവിഭൂഷണോ നൽകി രാഷ്ട്രം ആദരിക്കേണ്ട ആ മഹാന് ഔദ്യോഗികമായ ശവസംസ്കാരം നൽകാൻ പോലും കേരള സർക്കാർ മനസുകാണിച്ചില്ല.

മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ സ്പിരിറ്റുമാഫിയയെ ഭയന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

സ്പിരിറ്റുമാഫിയാത്തലവൻ - മധുസ്വാമി, സത്യാനന്ദൻ, മണിസ്വാമി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.  ബോംബെ, കർണ്ണാടക, തിരുവനന്തപുരം എന്നിവിടങ്ങളിൽ പല തട്ടിപ്പും നടത്തി പലകുടുംബങ്ങളും കുളം തോണ്ടിയ ഈ കണ്ണൂർകാരൻ ഇപ്പോൾ ബാംഗ്ലൂരിലാണ്. 

No comments:

Post a Comment